പുതുകവിതകള്‍ സമഗ്രമായ പഠനത്തിനോ നിരൂപണത്തിനോ വിധേയമാകുന്നില്ല എന്ന ആനുകാലിക കവിതയുടെ സന്ദേഹമാണ് മലയാളത്തിലെ, പ്രത്യേകിച്ച് പുതുകവിതയിലെ സജീവ സാന്നിധ്യമായ എഴുത്തുകാരെ സംഘടിപ്പിച്ച്  ഇത്തരത്തിലുള്ള ഒരു വര്‍ത്തമാനത്തിനു മുതിരുന്നത്. മാന്യ എഴുത്തുകാരും വായനക്കാരും സജീവമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു..




Q. ഷാജി അമ്പലത്ത് 
ആധുനികതയ്ക്ക് ശേഷം പ്രകടമായ ഒരു മാറ്റം തന്നെ പുതുകവിതയിലുണ്ടായി. വായനയെ പുതുകവിത കൂടുതല്‍ സുതാര്യമാക്കുകയല്ലേ ചെയ്യുന്നത് ?

ശ്രീകുമാര്‍ കരിയാട് 
ശ്രീകുമാര്‍ കരിയാട്സുതാര്യത സോദാഹരണം വിവരിക്കാം. ഇത് ഒരു എക്സ്പെരിമെന്റാണ്. കെ.ജി. ശങ്കരപ്പിള്ളയില്‍ നിന്ന് പി. രാമന്‍ ഉണ്ടാകുന്നതെങ്ങിനെ എന്നത് തികച്ചൂം കാവ്യപരമായ ഒരു പ്രശ്നമാണ്. ആധുനികതക്ക് ശേഷം , വന്ന മാറ്റം ആണ് നമ്മുടെ വിഷയം. അതിനായി ശങ്കരപ്പിള്ളയുടെ “ ശബ്ദാസുരന്റെ നഗരത്തില്‍’ എന്ന കവിത ഇവിടെ പൂര്‍ണമായി കൊടുക്കുന്നു. ശബ്ദാസുരന്റെ നഗരത്തില്‍

ഒരുപറ്റം കാതുകള്‍/ മൌനത്തെ ദത്തെടുക്കാനലയുന്നു./ ശബ്ദാസുരന്റെ നഗരത്തില്‍.പ്രണയമോ/ പണയമോ/പി.എഫ്.ലോണോ / പാറക്കൂട്ടമോ/ വന്‍ തടാകമോപോലെ /പെട്ടെന്ന്/ ആവിയായി മറയാത്ത മൌനത്തെ./കൊത്തിക്കൊത്തിശില്പങ്ങളോ/കോരിനനച്ച് മധുരങ്ങളോ/വിളയിക്കാനാവുന്ന മൌനത്തെ.
ഇതാണ് ശങ്കരപ്പിള്ളയുടെ കവിത. ഇനി ഈ കവിത താഴെപ്പറയുംപോലെ എഴുതുക.

ഒരുപറ്റം കാതുകള്‍/ മൌനത്തെ ദത്തെടുക്കാനലയുന്നു./ ശബ്ദാസുരന്റെ നഗരത്തില്‍. ആവിയായി മറയാത്ത മൌനത്തെ./കൊത്തിക്കൊത്തിശില്പങ്ങളോ/കോരിനനച്ച് മധുരങ്ങളോ/വിളയിക്കാനാവുന്ന മൌനത്തെ.
ഇത് രാമന്റെ ജനുസ്സില്‍ ഉള്ള ഒരു കവിതയാണ്.

ഇങ്ങനെ ആധുനികതയുടെ ചില അവയവങ്ങള്‍ മുറിച്ചുകളയാന്‍ പുതിയ ചില കവികള്‍ തയ്യാറായി.  ( മാറ്റിക്കളഞ്ഞ വരികള്‍ ശ്രദ്ധിക്കുക) ഈ  സുതാര്യതാ വാദികള്‍ ആണ് ആധുനികാനന്തര കവിതയുടെ പഞ്ചായത്ത് ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്.  ഞാന്‍ ഇവിടെ ഒരു കാര്യം പറയട്ടെ.തൊണ്ണൂറുകള്‍ ഉണര്‍ത്തിവിട്ട പലമയുടെ എഴുത്ത് , ഉപരിപ്ലവമായ ഒരു ഏകതാനതകൊണ്ട് വളരെ  തരംതാണ രീതിയില്‍ ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. പൂര്‍വ്വ ഭാരങ്ങളില്ലാത്ത ...എന്ന കപടമായ ഒരു വാദം മുന്നോട്ടുവെക്കപ്പെടുകയും ലോകത്തും കേരളത്തിലും ഇന്‍ഡ്യയിലും ആധുനികതയുടെ  സൌന്ദര്യശാസ്ത്രം കൊണ്ടുണ്ടായ പുത്തന്‍ കാവ്യഘടനകളെ അപ്പാടെ തള്ളുകയും ചെയ്തൂ. ഓട്ടോഗ്രാഫ് എഴുത്തിനോടൊക്കുന്ന ഒരു നവലിറിസിസം പ്രത്യക്ഷപ്പെട്ടു. ദളിതരുടെ പേരിലും സ്ത്രീയുടെ പേരിലും ഒക്കെ പ്രതിഷ്ഠിക്കപ്പെട്ടത് ഈ  മനസ്സിലാകല്‍ വാദം ആണ്. രാമനെപ്പോലൊരു കവി ആദര്‍ശവല്‍ക്കരിക്കപ്പെട്ടത് ഒരു മാധ്യമവ്യാമോഹം കൊണ്ടുകൂടിയാണെന്ന് .  ഇപ്പോള്‍ നാം തിരിച്ചറിയുന്നു. രാമനും ആ സത്യത്തെ അറിഞ്ഞ് മാന്യമായ രീതിയില്‍  മറഞ്ഞുനില്‍ക്കുന്നുണ്ട്. 


കുഴൂര്‍ വിത്സണ്‍ : യാതൊരു സംശയവുമില്ല.
നമ്മുടേതല്ലാത്ത ഒരു സംഭവത്തെ സ്വീകരിക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു പകപ്പ്, ആധുനിക കവിതയിലുണ്ടായിരുന്നു. ആധുനികത തെറ്റാണോ ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷെ അക്കാലത്ത് ആധുനിക കവിതകള്‍ കാമ്പസ് പിടിച്ചെടുത്തു.ബുദ്ധി കൊണ്ട് വായിച്ചെടുക്കേണ്ടുന്ന കവിതകളായിരുന്നു അവ. എന്നിരുന്നാലും വിശാലമായ തലത്തില്‍ തന്നെ ആധുനിക കവിതയെ കാമ്പസുകള്‍ ഏറ്റെടുത്തു.
പുതുകവിത അതില്‍നിന്നെല്ലാം മുന്നോട്ടു നടന്നു. വായനയെ ഏറെ സുതാര്യമാക്കി. അതില്‍ ആധുനികതയുടെ സ്വാധീനമുണ്ടാവാം. ആധുനികത തുടങ്ങിവെച്ച ഒരു കവിതാശ്രേണി പൂര്‍ത്തീകരിക്കുകയാണ് അതിനു ശേഷം വന്നവര്‍ ചെയ്യുന്നത്.
ആധുനിക കവിതയെ പ്രകടമായി ഉള്‍ക്കൊണ്ടത് ബൌദ്ധികമണ്ഡലമാണ്. ഒരു ഗ്രാമത്തിലേക്ക്, അവിടുത്തെ സാധാരണ ജനങ്ങളിലേക്ക് ആധുനിക കവിത എത്രത്തോളം ഇറങ്ങിച്ചെന്നു എന്ന് സംശയമുണ്ട്‌.
അതേ സമയം, എസ്.ജോസഫിന്റെ കവിതകള്‍ ഏറ്റെടുത്തത് ഗ്രാമങ്ങളാണ്, സാധാരണക്കാരാണ്. ഇവിടെ കവിതയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമീണര്‍ക്ക് മനസിലാകുന്ന രീതിയില്‍ കവിത ഉണ്ടായിരിക്കുന്നു.  ബുദ്ധിയുടെ അളവുകോലുകള്‍ക്കപ്പുറത്ത്   ഹൃദയം കൊണ്ട് വായിച്ചെടുക്കാവുന്ന സുതാര്യമായ കവിതാരീതി നമുക്കുണ്ടായി. ഈ ഗണത്തില്‍ ഏറ്റവും വലിയ ഒരു ഉദാഹരണമായി തോന്നുന്നത് സുധീഷ്‌ കോട്ടേമ്പ്രത്തിന്റെ  വീട്ടുമരം എന്ന കവിതയാണ്. വീട്ടിലുണ്ടായിരുന്ന ഒരു തെങ്ങ്, അതിന്‍റെ ചെറിയ വിടവുകളില്‍ അടുക്കി വെച്ചിരുന്ന ചീര്‍പ്പും മുടിപ്പിന്നും .. അങ്ങനെ ഒരു അലമാര പോലെ വീടിനോട് തൊട്ടുനിന്ന, വീടിന്റെ ചോറ് തിന്നു വളര്‍ന്ന  ആ വീട്ടുമരം ആരുടെ മേല്‍ക്കൂര ആയിട്ടുണ്ടാവും എന്ന അങ്കലാപ്പോടെ കവിത അവസാനിക്കുന്നു. ഇങ്ങനെ ജീവിതത്തോടു ചേര്‍ന്ന് നില്‍ക്കുന്ന കവിതകളിലൂടെ പുതുകവിത, ബൌദ്ധിക തലത്തില്‍ നിന്നും അവനവന്റെ ചുറ്റുപാടുകളിലേക്ക് ഇറങ്ങി വന്നിരിക്കുന്നു.  വിശപ്പ്‌, ഭക്ഷണം, തുടങ്ങിയ ചെറിയ ' വലിയ' കാര്യങ്ങളെ പുതുകവിതയ്ക്ക് കണ്ടെത്താനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു.

മനോജ്‌ കുറൂര്‍ : ആധുനികതയ്ക്കു ശേഷമുള്ള പുതുകവിത എന്നു പറയുമ്പോള്‍ അതിനുതന്നെ പത്തിരുപതു വര്‍ഷത്തെ ഒരു ചരിത്രമുണ്ട്. ആധുനികകവിതയില്‍നിന്നു പുതുകവിതയില്‍ സംഭവിച്ച മാറ്റങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ വേണ്ടതിലേറെ പറഞ്ഞിട്ടുമുണ്ടെന്നു തോന്നുന്നു. ഈ വര്‍ഷംതന്നെ കേരളകവിത, മലയാളം വാരിക, ഹരിതകം.കോം എന്നിവയില്‍ നടന്ന ചര്‍ച്ചകളില്‍ ഇത്തരം വ്യതിയാനങ്ങള്‍ വിഷയമാകുന്നുണ്ട്. അവയില്‍ എന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചിട്ടുമുണ്ട്. ഓരോ കാലത്തും ജീവിതത്തിനെന്നപോലെ കവിതയ്ക്കും നിരന്തരം മാറ്റങ്ങളുണ്ടാകുന്നുമുണ്ട്. ഇപ്പോഴും സജീവമായ ഒന്നിനെപ്പറ്റി സംസാരിക്കുമ്പോള്‍ സാമാന്യവത്കരണത്തിനു പ്രസക്തിയില്ലല്ലൊ. ഏതു സമയത്തും കവിതയില്‍ എന്തും സംഭവിക്കാം എന്ന ആഹ്ലാദകരവും ഒപ്പം അപകടകരവുമായ ഒരവസ്ഥ കവിതയിലുണ്ട്. ആ സാധ്യത പുതുകവികള്‍ എത്രത്തോളം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്ന ഒരു സ്വയംവിമര്‍ശനത്തിനാ‍ണ് ഇനി പ്രസക്തി എന്നു തോന്നുന്നു.
ജീവിതം കൂടുതല്‍ സങ്കീര്‍ണമാകുന്നു. സ്ഥല-കാലങ്ങള്‍ പോലും പതിവു നിര്‍വചനങ്ങള്‍ക്കു വഴങ്ങാതെവരുന്നു. അതേ സമയം സംവേദനത്തില്‍ കവിത സുതാര്യമാകാന്‍ യത്നിക്കുകയും ചെയ്യുന്നു. എന്നാല്‍ ജീവിതത്തിലുണ്ടാകുന്ന സങ്കീര്‍ണതകളെ അഭിമുഖീകരിക്കാന്‍ പാകത്തിനു മുന്‍‌വിധികളെയാകെ അപ്രസക്തമാക്കാന്‍ ശേഷിയുള്ള വൈവിധ്യമുള്ള ആവിഷ്കരണങ്ങള്‍ കവിതയില്‍ തുടര്‍ച്ചയായി സംഭവിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

വി.എം.ഗിരിജവായനയെ സുതാര്യമാക്കുക എന്ന് പറഞ്ഞാൽ വായന ലളിതമാക്കുക എന്നാണൊ അർഥം?സുതാര്യത കവിതയിൽ നല്ലതാണൊ?കവികൾ കാലാകാലമായി ശ്രമിക്കുന്നത് സുതാര്യതയ്ക്കല്ല അനവധി അടിയടരുകൾ ഉള്ള അഗാധത്യ്ക്കാണ് എന്നാണെന്റെ പക്ഷം.ധ്വനികാരന്റെ കാലം മുതൽ പറയുന്ന വാക്കിന്റെ വ്യഞ്ജനാവൃത്തി അതു ചൂണ്ടിക്കാട്ടുന്നു.കുട്ടിക്കവിത എന്ന് പറയുമ്പോൾ പോലും കണ്ണാടി പൊലെ സുതാര്യമായിക്കൂടാ കവിത.സുതാര്യതയിൽ അതേ ഉള്ളൂ...അതിൽ അതല്ലാത്തതും കൂടിക്കൂട്ടിച്ചേർക്കാനല്ലെ നാം ശ്രമിക്കുന്നത്? പദം ലളിതമായി,ഘടന  ചെറുതായി എന്നൊക്കെ ആണൊ ഉദ്ദേശിക്കുന്നത്?ഞാൻ സുതാര്യത രാഷ്ടീയത്തിലും പൊതുജീവിതത്തിലും വ്യക്തിപരമായും സ്വാഗതം ചെയ്യും..കവിതയിൽ ഇല്ല.   പുതുകവിത .വായനയെ സുതാര്യമാക്കിയ കാര്യം എനിക്കനുഭവപ്പെട്ടിട്ടില്ല..



Q. ധന്യാദാസ് 
നിരൂപണസാഹിത്യത്തില്‍ പുതുകവിതയുടെ സാന്നിദ്ധ്യം എത്രത്തോളമുണ്ട്?

കുഴൂര്‍ വിത്സണ്‍
കുഴൂര്‍ വിത്സണ്‍ :കവിതയിലെ ഓരോ അക്ഷരവും കവിതയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. കവിതയ്ക്ക് പുറത്തു നിന്ന് ഒരു കവിതയെ പഠിക്കാനോ വിലയിരുത്താനോ വിമര്‍ശിക്കാനോ കഴിയില്ല. രണ്ടു പേര്‍ തമ്മില്‍ സ്നേഹത്തിലാവുമ്പോള്‍ പുറത്തുള്ളവര്‍ അവരെ കാണുന്നത് നിരൂപണപരമായിട്ടാണ്. ഒരുപാട് വ്യാഖ്യാനങ്ങളും അടിസ്ഥാനമില്ലാത്ത ചോദ്യങ്ങളും അവര്‍ക്ക് നേരിടേണ്ടി വരും. അവരോടു ചേര്‍ന് നില്‍ക്കുന, നിരന്തരമായി അവരെ അറിയുന്ന കുറച്ചു പേര്‍ക്ക് മാത്രമേ ആ സ്നേഹത്തിന്റെ ആഴവും അളവും മനസ്സിലാകുന്നുള്ളൂ. കവിതയും അതുപോലെ തന്നെയാണ്. കവിതയ്ക്ക് ഉള്ളിലുള്ളവര്‍ക്ക് മാത്രമേ കവിതയെ കുറിച്ച് അറിയാന്‍ കഴിയൂ. തികച്ചും വ്യക്തിപരമായ ഒന്നാണ് കവിത. കഥയിലും നാടകത്തിലും അങ്ങനെയല്ല. പുറമേ നിന്നുള്ള കൂട്ടി ചെര്‍ക്കലുകളും  ഒഴിവാക്കലുമൊക്കെ ഇവയില്‍ സാധ്യമാണ്.
കവിതയോട് ഇണ ചേരാത്ത ഒരാള്‍ അത് വായിച്ചിട്ട് ഒരു കാര്യവുമില്ല. അക്കാദമിക് ആയ ഒരാള്‍ ഇത്തരം കവിതയെ കുറിച്ച് പഠിക്കുന്നത് പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കില്ല. എനിക്ക് തോന്നുന്നു, പുതുകവിതയ്ക്ക് മുന്‍പ് വരെ ഓരോ കാലഘട്ടത്തിന്റെയും കവിതയെ ആധികാരികമായി വായിച്ച് വിലയിരുത്താന്‍ കഴിവുള്ളവര്‍ അതാതു കാലത്തുണ്ടായിരുന്നു എന്ന്. ആധുനിക കവിതയുടെ നിരൂപകരില്‍ / വായനക്കാരില്‍ പെട്ടെന്നോര്‍മ്മിക്കുന്ന ഒരു പേര് ശ്രീ.നരേന്ദ്രപ്രസാദിന്റെതാണ്. നല്ല നിരൂപകന്‍ എപ്പോഴും നല്ല വായനക്കാരന്‍ തന്നെയാവും.
എം.എന്‍.വിജയന്‍ 
ഏറ്റവും എന്നെ സ്വാധീനിച്ച നിരൂപണം മാമ്പഴം എന്ന കവിതയ്ക്ക് ശ്രീ.എം.എന്‍ . വിജയന്‍ മാഷ്‌ എഴുതിയ പഠനം ആണ്. കുട്ടിയെ നഷ്ടപ്പെട്ട അമ്മയെയും കവിതയുടെ പരിസരങ്ങളെയും സാമൂഹ്യപരമായി, രാഷ്ട്രീയമായി, ആഗോളമായി അദ്ദേഹം അതില്‍ അപഗ്രഥിച്ചിരിക്കുന്നു. അത്രയും വസ്തുനിഷ്ഠമായ ഒരു നിരൂപണം ലഭിക്കുക എന്നത് പകരം വെക്കാനില്ലാത്ത ഒരു അവാര്‍ഡ് തന്നെയാണ്.
പുതുകവിതയുടെ നിരൂപകരെക്കുറിച്ച് എനിക്ക് അഭിപ്രായമില്ല. പുതിയ കവിതയ്ക്ക് വിശാലമായ കേള്‍വിയാണ് വേണ്ടത് അല്ലാതെ കവിത്വമില്ലാത്തവരുടെ നിരൂപണമല്ല. അതുകൊണ്ടു തന്നെ പുതുകവിതയുടെ കാര്യത്തില്‍ ഞാന്‍ നിരൂപകരെ ശ്രദ്ധിക്കുന്നതേയില്ല. മാമ്പഴം, എം.എന്‍ വിജയന്‍ മാഷ്‌ വായിച്ച്, ഉള്‍ക്കൊണ്ടു എഴുതിയത് പോലെ സമീപത്ത് പുതുകവിതകള്‍ക്കും സമാനമായ വായനക്കാര്‍ ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.  

അനിതാ തമ്പി 
മനോജ്‌ കുറൂര്‍പുതുകവിതയെക്കുറിച്ച് ആകെയുള്ള പുസ്തകം സി.ആര്‍ .പ്രസാദ് എഴുതിയ ‘മലയാളകവിത ആധുനികാനന്തരം’ ആണെന്നു തോന്നുന്നു. കവിതയെക്കുറിച്ച് വിവിധകാഴ്ച്ചപ്പാടുകളില്‍നിന്നുകൊണ്ടുള്ള പലവിധം എഴുത്തുകള്‍ സംഭവിക്കേണ്ടതുണ്ട്. അതിനു നിരൂപകരെക്കാള്‍ കവികള്‍ക്കുതന്നെയാവും ഇന്നു കൂടുതല്‍ എന്തെങ്കിലും ചെയ്യാനാവുക എന്നു തോന്നുന്നു. പി. പി. രാമചന്ദ്രന്‍, അന്‍‌വര്‍ അലി, എസ്. ജോസഫ്, വി. എം. ഗിരിജ, അനിത തമ്പി, പി. എന്‍. ഗോപീകൃഷ്ണന്‍, പി. രാമന്‍, ശ്രീകുമാര്‍ കരിയാട്, കുഴൂര്‍ വിത്സണ്‍, എസ്. കണ്ണന്‍, വിഷ്ണുപ്രസാദ്, പ്രമോദ് കെ. എം., ടി. പി. വിനോദ്, സനാതനന്‍, ലതീഷ് മോഹന്‍, ക്രിസ്പിന്‍ ജോസഫ് എന്നിവരൊക്കെ  ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട്  സംസാരിക്കുമ്പോള്‍ അവരൊക്കെ കവിതയെക്കുറിച്ച് കൂടുതല്‍ എഴുതിയിരുന്നെങ്കില്‍ എന്നു തോന്നാറുണ്ട്. കവിത കവിക്കുമാത്രം മനസ്സിലാവുന്ന ഒരു സംഗതിയായി മാറുകയാണോ എന്നു സംശയം തോന്നും. എങ്കിലും കവിതയ്ക്കു പുറത്തുള്ള മറ്റാരെയെങ്കിലും‌കാള്‍ ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങള്‍ ഈ കവികളില്‍നിന്നുതന്നെയാണു സംഭവിക്കുന്നതെന്നു തോന്നുന്നു.

വി.എം.ഗിരിജ: വളരെ കുറച്ചേ ഉള്ളൂ..പല പേരുകളും പരാമർശിക്കും എന്നല്ലാതെ ഗൌരവപ്പെട്ടത് ഒന്നും കാണുന്നില്ല

ശ്രീകുമാര്‍ കരിയാട്:  ആധുനികത ജ്ഞാനപരമായ പല ഉപകരണങ്ങളാല്‍ സമ്പന്ന മായിരുന്നു. കേവല ദേശീയതയില്‍ മാത്രം ഒതുങ്ങാത്ത അതിന്റെ നിലപാടിനു വിമര്‍ശനാത്മകമായ രീതിയില്‍ ഒരു തുടര്‍ച്ച ഉണ്ടായില്ല. . കേരളം ഇവിടത്തെ പരിസ്തിതി എന്നൊക്കെ പ്പറയുന്ന ആ ദേശത്തിന്റെ എഴുത്തിന് ഒരു സ്യൂഡോ അനുഭൂതിവാദത്തിനപ്പുറം പോകാനായില്ല.വള്ളുവനാടന്‍ പഴംസംസ്കാരവും, വൈലോപ്പിള്ളിയുടെ ഡ്യൂപ്പുകളും വന്ന് കവിതാസംസ്കാരത്തെ അറു പഴഞ്ചനാക്കി. ദളിതെഴുത്തും ചിലകവികളില്‍ മാത്രം ഒതുങ്ങുകയും തികഞ്ഞ ദളിത് ചിന്തയേയും കവിതയേയും അവര്‍ വിറ്റ് കാശാക്കുകയും ചെയ്തു.കവികളുടെ പ്രൊമോട്ടാര്‍ മാത്രമായി പുതുനിരൂപകന്‍.   ഒരു  ക എന്ന കവിയെ എടുത്താല്‍ ഒരു ഖ എന്ന നിരൂപകന്‍ ഫ്രീ എന്ന മട്ടായി. ആനയേയും ആനപ്പിണ്ഡത്തേയും ഉത്സവങ്ങള്‍ക്ക് ലേലം വിളിക്കുന്നപോലായി പല പുതുനിരൂപകരുടെയും അസ്തിത്വം.



Q. ഷാജി അമ്പലത്ത് 
മുഖ്യധാരാ ആനുകാലികങ്ങള്‍ പോലും കവിതകള്‍ ഉള്‍പ്പെടുത്താതെ പുറത്തിറങ്ങുന്നുണ്ട്. കവിത ഒരു ഷോകേസ് പീസ്‌ ആയിപ്പോലും പരിഗണിക്കപ്പെടുന്നില്ല എന്നാണോ കരുതേണ്ടത്?
മനോജ്‌ കുറൂര്‍


മനോജ്‌ കുറൂര്‍കവിത ഒരു പ്രധാനസംഗതിയായി മുഖ്യധാരാമാധ്യമങ്ങള്‍ കാണുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. പുതുകവിതയെക്കുറിച്ചുള്ള ലേഖനങ്ങള്‍ അധികം പ്രത്യക്ഷപ്പെടാത്തതിനും കാരണം അതുതന്നെ. എങ്കിലും ഇന്നത്തെ ഏറ്റവും സജീവമായ സാഹിത്യരൂപമായ കവിതയെ അവഗണിച്ചുകൊണ്ട് സാഹിത്യം പ്രധാനവിഷയമായി കൈകാര്യം ചെയ്യുന്ന ഒരു മാധ്യമത്തിനും അധികം മുന്നോട്ടുപോകാനാവില്ല. സാഹിത്യം‌തന്നെ അപ്രധാനമാകുന്ന ഒരവസ്ഥയില്‍ എന്തു ചെയ്യുമെന്നതാണു പ്രശ്നം.

വി.എം.ഗിരിജ: അങ്ങനെ എനിക്ക് തോന്നീട്ടില്ല.എത്ര കവിതകൾ ആണ് പുറത്തു വരുന്നത്കവിത ഷോ പീസ് ആയി സൂക്ഷിക്കപ്പെടുന്നുണ്ടാവാം,അതല്ലെ അപകടം?

കുഴൂര്‍ വിത്സണ്‍ : ഒരിക്കലുമില്ല. പബ്ലിഷിംഗ് എന്നാല്‍ പ്രസിദ്ധപ്പെടുത്തുക എന്നാണു അര്‍ഥം.
രാം മോഹന്‍ പാലിയത്തിന്റെ എറണാകുളത്തിന്റെ  ഓര്‍മ്മയ്ക്ക് എന്ന കവിത സൂക്ഷ്മവായനക്കാരനായ നടന്‍ മുരളി പോലും സ്റ്റേജില്‍  അവതരിപ്പിക്കണം എന്ന് അഗാധമായി ആഗ്രഹിച്ചിരുന്നതാണ്. കവിത, അത് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ മാത്രം വെളിച്ചപ്പെടുന്നതാണ് നല്ലത്. അച്ചടിമാധ്യമങ്ങള്‍ക്ക് എത്രമാത്രം നില നില്‍പ്പുണ്ടെന്ന് സംശയമുണ്ട്‌. ശബ്ദം, ദൃശ്യം, അനുഭവം-ഇതെല്ലാം കൂടി ചേര്‍ന്ന് തന്നെ കവിത സംഭവിക്കണം. അതിനു കുറേക്കൂടി സ്പേസ് വേണം. അതിവിദൂരമല്ലാത്ത സമയത്ത് തന്നെ നമുക്കിടയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും ആയി രണ്ടു കൂട്ടര്‍ ഉണ്ടാവും.
ഇപ്പോള്‍ , പുസ്തകങ്ങളുടെയോ പത്രത്തിന്റെയോ പേജുകള്‍ കാണുന്നത് പോലെ, അത്രയും സ്വാഭാവികമായി നെറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കും  പ്രചാരത്തില്‍ ആവുന്ന ദിവസങ്ങള്‍ അടുത്തു തന്നെ സംഭവിക്കും എന്ന് തോന്നുന്നു. അവിടെയാണ് പുതുകവിതയുടെ പ്രതീക്ഷ. ഏറ്റവും ചീത്ത കവിത പോലും എല്ലാവരും വായിക്കും.. അതിനെ പറ്റി അറിയും.. വളരെ ഡൈനാമിക് ആയി കമന്റ്സ് വീഴും.
അല്ലെങ്കില്‍ തന്നെ അച്ചടിമാധ്യമങ്ങളുടെ വായന കുത്തനെ കീഴ്പ്പോട്ടാണ്.
മലയാള കവിത ഉള്‍പ്പെടെ, യുവകവികളുടെ കൂട്ടങ്ങള്‍ പുതുകവിതയ്ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും. വിഷ്ണു മാഷ്, നസീര്‍ കടിക്കാട്‌, പി.എന്‍.ഗോപീകൃഷ്ണന്‍, അങ്ങനെ പുതുകവിതയിലെ ഏതാണ്ടെല്ലാവരും ഇന്റെര്‍നെറ്റിന്റെ ലോകത്ത് സജീവമായിത്തന്നെയുണ്ട്‌. പവിത്രന്‍ തീക്കുനി ഉള്‍പ്പെടെ  അപൂര്‍വ്വം ചില സുഹൃത്തുക്കള്‍ മാത്രമാണ് ഈ വലയ്ക്ക് പുറത്ത് ഇപ്പോഴുള്ളത്. പക്ഷെ അവരുടെ കവിത പോലും മറ്റു സുഹൃത്തുക്കളാല്‍ നെറ്റില്‍ നമുക്ക് വായിക്കാന്‍ കഴിയുന്നുണ്ട്.

പിന്നെ, ഷോകേസില്‍ ത്തന്നെയിരിക്കേണ്ട കവിതകള്‍ അവിടെ ഇരിക്കുക തന്നെ വേണം. ഹൃദയങ്ങളിലേക്ക്  ഇറങ്ങിച്ചെല്ലുന്ന കവിതകള്‍ക്ക്  എവിടെയും അടങ്ങിയിരിക്കാന്‍ കഴിയില്ല .


ശ്രീകുമാര്‍ കരിയാട്: ഇന്ന് കവിതക്ക് ഇരിക്കാന്‍ ആയിരം കൊമ്പുകള്‍ ഉണ്ട്. മുഖ്യധാരയെ മാത്രം കവി ആശ്രയിക്കുന്നില്ല. ഇപ്പൊള്‍ നെറ്റുമുണ്ടല്ലോ.



Q. ധന്യാദാസ്‌ 
അംഗീകാരങ്ങള്‍ക്ക് പുതുകവിതകള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുന്നുണ്ടോ ? 

വി.എം.ഗിരിജ
വി.എം.ഗിരിജ: പുതുകവിതകൾക്കായുള്ള പുരസ്കാരങ്ങൾ കുറവല്ലെ?കനകശ്രീ പുരസ്കാരം ചെറുപ്പക്കാർക്കുള്ളതാണ്.അതല്ല സാധാരണ അക്കാദമിപുരസ്കാരങ്ങൾക്ക് പരിഗണിക്കപ്പെടുന്നില്ലാ എന്നാണെങ്കിൽ ഒരു നീണ്ട നിര എഴുത്തുകാരില്ലേ പുരസ്കാരം ഒന്നും കിട്ടാതെ? എനിക്കറിയില്ല.പല കവികളുടെ ബയോഡാറ്റയിലും ഒരു പാടു പുരസ്കാരങ്ങളുടെ പേരുണ്ട്. 


മനോജ്‌ കുറൂര്‍ അംഗീകാരങ്ങള്‍ക്കായി ധൃതിപിടിക്കണോ എന്നു കവികള്‍തന്നെ ആലോചിക്കട്ടെ. എങ്കിലും സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ കഥാസാഹിത്യത്തിനുള്ള പുരസ്കാരത്തിന് ചെറുപ്പക്കാരെ ധാരാളമായി പരിഗണിക്കുന്നുണ്ട്. പി. പി. രാമചന്ദ്രന്‍, റഫീക്ക് അഹമ്മദ് എന്നിവര്‍ മാത്രമാണ് അക്കാദമിയുടെ മുതിര്‍ന്നവര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ള ആധുനികാനന്തരകവികള്‍ എന്നു തോന്നുന്നു. കഥാസാഹിത്യത്തിനു ലഭിച്ച അംഗീകാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു തീരെ അപര്യാപ്തമാണെന്നതിനു സംശയമില്ല. മറ്റു പുരസ്കാരങ്ങളുടെ കാര്യവും അങ്ങനെതന്നെ.

ശ്രീകുമാര്‍ കരിയാട്: ചരമക്കോളത്തെ പിന്നിലാക്കിയിട്ടുണ്ട് മാധ്യമങ്ങളിലെ അവാര്‍ഡ് വാര്‍ത്താ കോളങ്ങള്‍ .

കുഴൂര്‍ വിത്സണ്‍ :കവിതകളെ ഇഷ്ടപ്പെടുന്നവര്‍ ഒക്കെ മനുഷ്യരെ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും. മനുഷ്യരെ ഇഷ്ടപ്പെടുന്നവരെല്ലാം ജീവിതത്തെയും. ജീവിതത്തെ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും മരണത്തെക്കുറിച്ച് ചിന്തിക്കും. ഇങ്ങനെ. ലോകത്ത് ആകമാനം പരന്നുകിടക്കുന്ന മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു പ്രത്യേക ശക്തി കവിതയ്ക്കുണ്ട്‌. ഈ ശക്തിയാണ് കവിയെയും വായനക്കാരനെയും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നത്.   നമുക്കറിയാത്ത. മുന്‍പ് പരിചയമില്ലാത്ത ഒരുപാട് ആളുകള്‍ , വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് തന്നെ ഏറ്റവും വലിയ ഒരു അംഗീകാരമല്ലേ. ഷോര്‍ട്ട് ടേം അംഗീകാരങ്ങളില്‍ അത്ര കാര്യമുണ്ടെന്നു തോന്നുന്നില്ല/
എന്‍റെ തന്നെ  ജന്മം എന്ന കവിത വായിച്ചിട്ട് സ്വന്തം അമ്മമാരെ നാട്ടില്‍ പോയി കണ്ട ഒന്നിലധികം പേരെ എനിക്കറിയാം. നാട്ടിലേക്കുള്ള യാത്രയ്ക്ക് തന്നെ 30000   രൂപ ചിലവ് വരും. നമ്മുടെ ഒരു കവിതയുടെ കേള്‍വിയ്ക്ക് , അമ്മയെ ഓര്‍മ്മിപ്പിക്കാനും  അവരുടെ അടുത്തേക്ക്‌ മക്കളെ എത്തിക്കാനും കഴിഞ്ഞെങ്കില്‍ അത് തന്നെ ഒരു കവിയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമല്ലേ. അത് തന്നെയാണ് വിലപ്പെട്ട അവാര്‍ഡ്. 10000 രൂപയുടെ അവാര്‍ഡിനെക്കാള്‍ എത്രയോ വലിയ അംഗീകാരം ആണത്. ഞാന്‍ പറഞ്ഞല്ലോ, ഷോര്‍ട്ട് ടേം അംഗീകാരങ്ങളെ എനിക്ക് വിശ്വാസമില്ല.
വ്യക്തിപരമായ അംഗീകാരങ്ങള്‍, ചെറിയ അവാര്‍ഡുകള്‍ ഒക്കെ എനിക്ക് കിട്ടിയിട്ടുണ്ട്. എങ്കിലും കവിത, മറ്റൊരാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ചില മാറ്റങ്ങളുടെ എഫെക്റ്റ് ആണ്. സാമൂഹിക പ്രതിപത്തി, പ്രണയം, അഫെക്ഷന്‍.. അങ്ങനെ നമ്മള്‍ അനുഭവിച്ച വേദനയുടെ 10 ശതമാനം എങ്കിലും ഒരു വായനക്കാരന്, കേള്‍വിക്കാരന് കവിതയിലൂടെ ഉണ്ടാകുന്നതാണ് ഏറ്റവും വലിയ അംഗീകാരം. അത് പുതുകവിതകള്‍ക്ക് കിട്ടുന്നുമുണ്ട്.




Q. ഷാജി അമ്പലത്ത് 
പ്രണയം, കുടുംബം തുടങ്ങിയ ചുറ്റുപാടുകളില്‍ മാത്രം പുതുകവിതകള്‍ കുരുങ്ങിക്കിടക്കുകയാണോ?   സാമൂഹ്യപ്രതിബദ്ധത പുതുകവിതയില്‍ നിന്നും അകന്നുപോവുന്നുണ്ടോ ?

ശ്രീകുമാര്‍ കരിയാട്: പ്രണയകവിതകള്‍ എഴുതുന്ന വരുടെ കാര്യം വളരെ കഷ്ട്ടമാണ്. സത്യത്തില്‍ വശീകരണ മന്ത്രങ്ങള്‍ അറിയാത്തതുകൊണ്ടാണ് അവര്‍ പ്രണയം പ്രണയം എന്ന് വിലപിച്ചുകൊണ്ടിരിക്കുന്നത്.പലര്‍ക്കും എതിര്‍ലിംഗം മുന്‍പിലൂടെ നടന്നുപോയാല്‍ നാവിലെനീരുവറ്റും.  ചോരയോട്ടമുള്ള വര്‍ക്ക്  ഏതുരാജ്യത്തുചെന്നാലും ഉപയോഗിക്കാവുന്ന സുവര്‍ണ്ണ നാണയമാണ് പ്രണയം. അതിനെ ആദര്‍ശവല്‍ക്കരിക്കേണ്ടതില്ല. ഏറ്റവും പുതിയ തലമുറക്ക് ലൈംഗികമായ ഫ്രസ്റ്റ്രേഷന്‍ വളരെകുറവാണെന്ന കാര്യം മധ്യവയസ്കരായ, ഞാനടങ്ങുന്ന കവികള്‍ ഓര്‍ക്കുന്നത് നന്ന്. ഒരു നോണ്‍ ഡീറ്റെയില്‍ഡ് പരീക്ഷയുടെ ലാഘവത്തില്‍ പ്രണയകവിത എന്തിനെഴുതണം? സാമൂഹ്യപ്രതിബദ്ധത ഒരു ക്ലീഷേ പദം ആയതുകൊണ്ട് പ്രതികരിക്കുന്നില്ല. 


മനോജ്‌ കുറൂര്‍ : അങ്ങനെ ഞാന്‍ കരുതുന്നില്ല. കവിതയുടെ അമ്പരപ്പിക്കുന്ന വിഷയവൈവിദ്ധ്യമാണ് കഴിഞ്ഞ ഇരുപതു വര്‍ഷത്തില്‍ ശ്രദ്ധയില്‍പ്പെട്ട കവിതകളില്‍ കാണുവാന്‍ കഴിഞ്ഞത്.  മാത്രമല്ല പ്രണയം, കുടുംബം തുടങ്ങിയ വിഷയങ്ങള്‍ കവിതയെ പരിമിതപ്പെടുത്തുമെന്നും കരുതുന്നില്ല. വിഷയം ഏതായാലും ആവിഷ്കാരം എങ്ങനെയെന്നതാണു പ്രധാനം. സാമൂഹ്യപ്രതിജ്ഞാബദ്ധത പ്രകടമായി അവകാശപ്പെടുന്ന പ്രകടനപത്രികാരൂപത്തിലുള്ള കവിതകളെക്കാള്‍ സങ്കീര്‍ണമായ ഒരു സൂഷ്മരാഷ്ട്രീയം മുന്നോട്ടുവയ്ക്കാന്‍ പുതുകവിതയ്ക്കു കഴിഞ്ഞിട്ടുണ്ട്. അത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അജണ്ടകളുമായി ഒത്തുപോകുന്നില്ലെങ്കില്‍ പ്രതിജ്ഞാബദ്ധതയില്ല എന്നല്ല, തിരിച്ചാണ് അര്‍ത്ഥം. ഭാഷയോടും ജീവിതത്തോടുമുള്ള പ്രതിജ്ഞാബദ്ധത എല്ലാ നല്ല കവിതകള്‍ക്കുമുണ്ടല്ലൊ.

വി.എം.ഗിരിജ: പ്രണയം,കുടുംബം എന്നിവയും സാമൂഹ്യവിഷയങ്ങൾ തന്നെ എന്നാണെന്റെ അഭിപ്രായം.അതിനെ സമകാല ലോകകാലങ്ങളോടടുപ്പിക്കുക ചില്ലറപ്പണിയല്ല.പക്ഷേ എന്നാലുമിപ്പോൾ കുടുംബം,പ്രണയം എന്നിവയേക്കാൾ സൈബർലോകം,പൊള്ളയായ അകം,തകരുന്ന ഇടങ്ങൾ,ഭാഷ,സിനിമ,രാഷ്ടീയം എന്നിവയാണ് പുതുകവിതാപ്രമേയമായി വരുന്നത് എന്നാണെനിക്ക് തോന്നുന്നത്.അതൊക്കെ സാമൂഹ്യപ്രതിബദ്ധതയല്ലെ?

കുഴൂര്‍ വിത്സണ്‍ : ഏറ്റവും  വലിയ  സാമൂഹ്യ  പ്രതിബദ്ധത  പ്രണയവും  കുടുംബവുമാണ് . ഈ രണ്ടു ബേസിക് ഘടകങ്ങള്‍ ഇല്ലാതെ മറ്റൊന്നിനും നിലനില്‍പ്പില്ല/ 

'പ്രണയമേ നമുക്കിന്നുള്ള ബാധ്യത
പ്രണയമേ നമുക്കിന്നുള്ള സാധ്യത' - സച്ചിദാനന്ദന്‍ പുഴങ്കര

ചിലപ്പോള്‍ എല്ലാത്തിനോടും  സ്നേഹം തോന്നും , ചില നേരത്ത് എല്ലാത്തിനോടും വിരക്തി തോന്നും ..അല്ലാത്തപ്പോഴെല്ലാം ജീവിതത്തോടു നമുക്ക് കടുത്ത ആസക്തി തന്നെയാണ് തോന്നുക. എല്ലാത്തിനെയും പ്രണയിക്കാം. എന്‍റെ കാറിനോട് എനിക്ക് പ്രണയമില്ലെങ്കില്‍ ആസ്വദിച്ചു ഡ്രൈവ് ചെയ്യാനോ അതിന്‍റെ ഭംഗിയെപ്പറ്റി ചിന്തിക്കാനോ ഞാന്‍ മിനക്കെടില്ല, അതില്‍ ചെളി പറ്റുകയോ അല്ലെങ്കില്‍ എവിടെയെങ്കിലും ഇടിക്കുകയോ ചെയ്‌താല്‍ സങ്കടം വരില്ല. ശത്രുക്കളെപ്പോലും സ്നേഹിക്കണമെന്നാണ് തലമുറകള്‍ ആയി നമുക്ക് കിട്ടിയിട്ടുള്ള പാഠങ്ങള്‍ . ശത്രുവിനോട് പോലും പ്രണയം തോന്നണമെങ്കില്‍ നമ്മുടെ മനസ്സ് എത്രത്തോളം വിശാലമായിരിക്കണം.
അത്തരത്തില്‍ പ്രണയത്തിന്  ഏറ്റവും ശ്രേഷ്ഠവും വിശാലവും സുതാര്യവുമായ രാഷ്ട്രീയമുണ്ട്. നമ്മുടെ നാടിന്‍റെ, രാഷ്ട്രത്തിന്റെ നിലനില്‍പ്പ്‌ തന്നെ പരസ്പരമുള്ള പ്രണയത്തില്‍ വേരുറച്ചതാണ്.
ചോദ്യത്തിന്റെ അര്‍ഥം, ഒരു ആണും പെണ്ണും തമ്മിലുള്ള പ്രണയത്തെ ചുറ്റിപ്പറ്റിയാണെങ്കില്‍ , ആ പ്രണയം, ലൈംഗികത , ഇതൊക്കെ കവിതയില്‍ നിറയുന്നത് തികച്ചും സ്വാഭാവികമാണ്. അല്ലാതെ സങ്കുചിതമായി പ്രണയത്തെ വിവക്ഷിക്കുന്നത് തന്നെ നമുക്ക് അംഗീകരിക്കാനാവില്ല.

അതുപോലെ കുടുംബം, 
ഞാനൊരു കുടുംബത്തില്‍ നിന്നുണ്ടായതാണ്. അല്ലെങ്കില്‍ , ആരാണ് ഒരു കുടുംബത്തില്‍ നിന്നും ഉണ്ടാവാത്തത്..? 
അച്ഛനില്ലാത്ത കുട്ടികളുണ്ട്. അവനില്‍ നിന്ന് ചിന്തിച്ചാല്‍ പോലും അവനും ഒരു കുടുംബത്തില്‍ നിന്ന് തന്നെയാണ് ജനിച്ചത്. 
കുടുംബത്തിനു അതിന്റേതായ കെട്ടുപാടുകള്‍ ഉണ്ട്. ഭര്‍ത്താവായിരിക്കെ, അച്ചനായിരിക്കെ, ഉത്തരവാദിത്തങ്ങളുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ തന്നെ ഒരു പരിമിതിയുണ്ട്. പോസ്സെസീവ്നെസ്, നീയെന്റെതും ഞാന്‍ നിന്റെതും മാത്രമായിരിക്കണം എന്ന ഒരു സ്വന്തമാക്കല്‍ . ഒരു ആണിന് അങ്ങനെ വിചാരിക്കാം എങ്കില്‍ പെണ്ണിനും അതിനുള്ള അവകാശമുണ്ട്‌. എനിക്ക് നിന്റെതായി മാത്രം ജീവിക്കാന്‍ കഴിയുമെങ്കില്‍ തിരിച്ചും അങ്ങനെ ആവാന്‍ ഉറപ്പില്ലാത്തവര്‍ ആ രീതിയില്‍ വാശി പിടിച്ചിട്ട് കാര്യമില്ല. തികച്ചും ആത്മാര്‍ഥമായ മനസ്സിലാക്കലിന്റെ വിനിമയങ്ങള്‍ കുടുംബങ്ങളില്‍ നിന്നുണ്ടാവുന്നതാണ്. 

കുടുംബത്തെക്കുറിച്ച്, വീടിനെക്കുറിച്ച്, കിടപ്പുമുറിയെക്കുറിച്ച്, സ്വീകരണ മുറിയെക്കുറിച്ച് എഴുതണം. ഭാര്യയെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചും  ബന്ധങ്ങളെക്കുറിച്ചും  എഴുതണം. ഭാര്യയെയും ഭര്‍ത്താവിനെയും തമ്മില്‍ വൈകാരികമായിപ്പോലും കൂട്ടിച്ചേര്‍ക്കാന്‍ ഒരു കവിതയ്ക്കാവും. അത് കവിതയുടെ മാത്രം അഹങ്കാരവും ശക്തിയുമാണ്.
കുടുംബത്തിനും രാഷ്ട്രീയമുണ്ട് പ്രണയത്തെപ്പോലെ തന്നെ.

ചോദ്യത്തിന്റെ നല്ല അര്‍ഥം മനസ്സിലാക്കുന്നു. തികച്ചും വ്യക്തിപരമായ വ്യായാമങ്ങളായി മാറുന്ന കവിതകള്‍ ഉണ്ട് എങ്കിലും പ്രണയത്തെയും കുടുംബത്തെയും ആവിഷ്കരിക്കുന്ന കവിതകളില്‍ കുറച്ചു പേര്‍ക്കെങ്കിലും അതിന്‍റെ രാഷ്ട്രീയം പറയാന്‍ കഴിയുന്നുണ്ട്. ഒരാള്‍ സ്വന്തം അനുഭവങ്ങള്‍ ആഗോളീകരിക്കുന്നത് അങ്ങനെയാണ്. 

എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രാഷ്ട്രീയ കവിത അന്‍വര്‍ അലിയുടെ ഏകാന്തതയുടെ 50 വര്‍ഷങ്ങള്‍ ആണ്. ആ കവിത പടര്‍ന്നു പോകുന്നത് കുടുംബത്തിലൂടെയാണ്. ഇത്രയും സൂക്ഷ്മമായ ഒരു രാഷ്ട്രീയ കവിത അതിനു മുന്‍പോ പിന്‍പോ വായിച്ചിട്ടില്ല. 
പ്രണയത്തെയും കുടുംബത്തെയും കുറിച്ച് കവിതകള്‍ എഴുതാന്‍ കഴിയുന്നത് തന്നെ ഏറ്റവും വലിയ അഭിമാനമായി കാണുന്ന ഒരാളാണ് ഞാന്‍. രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങള്‍ ഇത്രത്തോളം ആവാഹിച്ചെടുത്ത വിഷയങ്ങള്‍ വേറെ ഇല്ല തന്നെ.

ഇതേ വിഷയത്തില്‍ ശ്രീ.നസീര്‍ കടിക്കാട്‌ ഇവിടെ സംസാരിക്കുന്നു. 
************************************************************************************